Search Lottery Result

Vagamon Travel Vlog


സ്വിറ്റ്സര്‍ലന്‍ഡ് പോലെ ഹരിതസുന്ദരമായ ഭൂപ്രകൃതിയും സുഖശീതളമായ കാലാവസ്ഥയുമുള്ള ഒരു ഭൂപ്രദേശമുണ്ട്‌ നമ്മുടെ കൊച്ചുകേരളത്തില്‍ – ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയിലായി വ്യാപിച്ചുകിടക്കുന്ന മലയോരവിനോദസഞ്ചാരകേന്ദ്രമായ വാഗമണ്‍. ഒരുവശത്ത് അഗാധമായ കൊക്കയും മറുവശത്ത് മേഘങ്ങളെ തൊട്ടുരുമ്മി നില്‍ക്കുന്ന മലകളും. കിഴുക്കാം തൂക്കായ മലയരികുകളും പാറക്കെട്ടുകളും വെട്ടിയരിഞ്ഞു നിര്‍മ്മിച്ച വീതികുറഞ്ഞതും കൊടുംവളവുകളുള്ളതുമായ റോഡിലൂടെയാണ് യാത്ര.

വാഗമണ്‍ എന്നുകേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ മിന്നിമറയുന്ന ചിത്രം അവിടുത്തെ മനോഹരങ്ങളായ മൊട്ടക്കുന്നുകളാണ്…

മലനിരകളെ പൂർണമായും പൊതിഞ്ഞിരിക്കുന്ന മൂടൽമഞ്ഞിന്റെ പടലം കീറി മുന്നോട്ടു യാത്ര പുറപ്പെട്ടു. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സൗന്ദര്യം തുളുമ്പുന്ന വാഗമൺ. കേരളസംസ്ഥാനത്തിലെ ഇടുക്കി- കോട്ടയം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന പ്രകൃതി രമണീയമായ വിനോദസഞ്ചാരകേന്ദ്രം. നാഷണൽ ജിയോഗ്രഫി ട്രാവലർ ഉൾപ്പെടുത്തിയ 10 വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്ന്. സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. 10 ഡിഗ്രി സെൽഷ്യസിനും 23 നും മധ്യേ താപനില. കോട്ടയത്തു നിന്നും ഏകദേശം 65 കിലോമീറ്ററോളം ദൂരം താണ്ടിയാൽ ഈ മനോരാജ്യത്തിലേക്കു കൂട്ടുകൂടാം.

പൈന്‍മരങ്ങളുടെ മനോഹാരിതയും, തേയിലത്തോട്ടങ്ങളുടെ ഊഷ്മളതയും വാഗമണില്‍ എത്തുന്ന ഏതൊരു സഞ്ചാരിയുടേയും ഹൃദയം കവരും. കരിമ്പാറക്കൂട്ടങ്ങളുടെ ഓരം ചേർന്ന്, വളഞ്ഞുപുളഞ്ഞുകിടക്കുന്ന റോഡുകൾ വാഗമണിലേക്കുള്ള യാത്ര. സഞ്ചാരികൾക്ക് അവിസ്മരണീയമായിരിക്കും. യാത്രകള്‍ ഇഷ്ടപ്പെടുന്ന പലരുടെയും വീക്‌നെസ്സാണ് ഹൈറേഞ്ചുകള്‍. കുളിരുള്ള ഹില്‍ സ്റ്റേഷനുകളിലേയ്ക്കുള്ള യാത്രകള്‍ പറഞ്ഞറിയിയ്ക്കാനാവാത്ത മനോഹാരിതയുള്ളവയായിരിക്കും. പലപ്പോഴും വാഗമണ്‍ എന്ന പേരുതന്നെ ഓര്‍മ്മകളിലേയ്ക്ക് കുളിരുകോരിയിടും, നേരിട്ടുകാണാത്തവര്‍ക്കുപോലും വാഗമണ്‍ പ്രിയങ്കരമാണ്. അത്രയ്ക്കാണ് ഈ സ്ഥലത്തിന്റെ സൗന്ദര്യം. പറഞ്ഞാലും കണ്ടാലും മതിവരാത്ത മനം മയക്കുന്ന ദൃശ്യ ചാതുര്യം.

വാഗമണ്‍ എന്നുകേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ മിന്നിമറയുന്ന ചിത്രം അവിടുത്തെ മനോഹരങ്ങളായ മൊട്ടക്കുന്നുകളാണ് . എന്നാല്‍ , വാഗമണ്‍ ടൗണിനു സമീപമാണ് ഈ മനോഹര തടാകവും മറ്റു ദൃശ്യവിസ്മയങ്ങളും. സിനിമാക്കാരുടെ പ്രധാന ലൊക്കേഷൻ കൂടിയാണ് ഇവിടം. മിക്കവാറും എല്ലാവരും മൊട്ടക്കുന്നുകളും പൈന്മരങ്ങളും കണ്ടുമടങ്ങും. എന്നാല്‍ മൊട്ടകുന്നുകളിൽ നിന്നും കുറച്ചുമാറി വാഗമണ്‍ ടൗണില്‍ ഒരു തടാകം അങ്ങ് ദൂരെനിന്നേ കാണുവാന്‍ സാധിക്കും, ടി ഗാർഡൻ ലെയ്ക്ക് എന്നറിയപ്പെടുന്ന ഇവിടെ പ്രവേശനം സൗജന്യമാണ്. ബോട്ടിങ് എന്ന ബോര്‍ഡുകള്‍ ടൗണില്‍ പലയിടത്തും കാണാം, അതിനെ ഫോളോ ചെയ്തുപോയാല്‍ഇവിടെ എത്താം…

പച്ചപ്പിന് നടുക്ക് കണ്ണാടിപോലെ തെളിഞ്ഞുകാണുന്ന തടാകമാണിത്. മൂന്ന് പുല്‍മേടുകള്‍ക്കിടയിലാണ് തടാകത്തിന്റെ സ്ഥാനം. വെട്ടിയൊതുക്കിയതുപോലെ തോന്നുന്ന ഈ മേടുകളില്‍ മനോഹരമായ പുഷ്പങ്ങള്‍ കാണാം. പശ്ചാത്തലത്തില്‍ കാണുന്ന കരിനീലമലകള്‍ തടാകത്തിന്റെ സൗന്ദര്യം പതിന്മടങ്ങാക്കുന്നു. തടാകത്തില്‍ ബോട്ടിങിനുള്ള സൗകര്യമുണ്ട്, ബോട്ടിങ്ങിനു തയാറാവുമ്പോഴുണ്ടാവുന്ന നടുക്കവും അങ്കലാപ്പും വാക്കുകളിൽ ഒതുക്കാനാവില്ല .ബോട്ട് പതിയെ പതിയെ നീങ്ങുബോൾ വെള്ളത്തിലുണ്ടാകുന്ന ഓളങ്ങൾ , തണുപ്പുനിറഞ്ഞ ഈർപ്പകണങ്ങൾ അവ മുഖത്തേക്കു പതിയുബോൾ കണ്ണുചിമ്മിപോകുന്ന അവസ്ഥ കാഴ്ചയ്ക്കു കൂടുതൽ ഭംഗിയേക്കും. കണ്ണുകൾ ചുറ്റുമൊന്നോടിച്ചു നോക്കുമ്പോൾ മുന്നിൽ മാത്രമല്ല പുറകിൽ കൂടി കണ്ണുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്ന നിമിഷം.

ഏകദേശം ഒന്നര മണിക്കൂറുകൊണ്ട് ബോട്ട് സവാരിയോട് ബൈ ബൈ പറഞ്ഞു. അടുത്ത കാഴ്ച എങ്ങോട്ടാണ് എന്ന ആകാംഷയിൽ ശ്വാസം ഉള്ളിലേക്കെടുത്ത് മൊട്ടക്കുന്നു തിരിച്ചു കയറാൻ തുടങ്ങി. കയറ്റവും ഇറക്കവും കൂടുതൽ കിതപ്പിച്ചെങ്കിലും പൈൻ ഫോറെസ്റ്റിലേക്കുള്ള യാത്രയാണ് അടുത്തതെന്നു കേട്ടപ്പോൾ ആവേശം കൂടി. മൊട്ടകുന്നിൽ നിന്നും, അരമണിക്കൂർ യാത്ര ചെയ്ത് പൈൻ ഫോറെസ്റ്റിൽ എത്തിച്ചേർന്നു .നിരവധി വഴി വാണിഭ കച്ചവടക്കാർ ചുറ്റുംകൂടി. തിരികെയെത്തുമ്പോൾ എന്തെങ്കിലും വാങ്ങാമെന്നു വാക്കു പറഞ്ഞു. പൈൻ ഫോറെസ്റ്റിലേക്കുനടന്നുനീങ്ങി … അതിശയം തോന്നുന്ന കാഴ്ച വളരെ ഉയരത്തിൽ പ്രൗഢിയോടെ പൈൻ മരങ്ങൾ നിൽക്കുന്ന താഴ്‌വര .പൈൻ മരങ്ങളെ തട്ടുകളായി ക്രമീകരിച്ചിരിക്കുന്നപോലെ , ചില സിനിമകളിലെ പാട്ടു സീനുകളിൽ ഇടം തേടിയിട്ടുണ്ട് ഈ താഴ്‌വര.

ശക്തിയേറിയ കാറ്റ് പൈൻ മരങ്ങളെ തഴുകി ചൂളം മീട്ടുന്നു. കാതുകളിൽ കുളിർമഴപെയ്യുന്നപോലെയുള്ള സ്വരം. പുറംതണുപ്പിനെ ശരീരത്തിന്റെ ഉള്ളിലേയ്ക്കും നിറക്കാനായി ഐസ്ക്രീം വാങ്ങി .അലിയുന്ന ഐസ്ക്രീമിന്റെ മധുരം നുണയുന്നപോലെ മധുരം നിറഞ്ഞ ഓർമ്മകൾ നിറയുന്ന ഒന്നിലധികം ഫോട്ടോകളും എടുത്തു. കാറ്റിന്റെ ശക്തിയിൽ മഞ്ഞുത്തുള്ളികൾ പൊഴിയുന്നപോലെ ചാറ്റൽ മഴ തുടങ്ങി. വിഷമത്തോടെആണെങ്കിലും പൈൻ മരങ്ങളോട് യാത്ര പറഞ്ഞു. തിരികെ പോവുമ്പോൾ വാങ്ങാമെന്നു വാക്കു പറഞ്ഞ കച്ചവടക്കാരനിൽ നിന്നും ഒരു പായ്ക്കറ്റ് ഏലക്കായ തേയിലപൊടിയും വാങ്ങി കാറിലേക്ക് കയറി .

മൊബൈലിലേയ്ക്ക് നോക്കി റേഞ്ച് തീരെയില്ല . ഒന്ന് ശ്രദ്ധിച്ചു സമയം 2 കഴിഞ്ഞിരിക്കുന്നു .ആർക്കും ആഹാരം കഴിയ്ക്കണ്ടേ എന്ന ചോദ്യത്തിൽ തന്നെ വിശപ്പ്കത്താൻ തുടങ്ങി. അടുത്തു തന്നെ ഒരു ചെറിയ കട കണ്ടു. മുളകൊണ്ട് തീർത്ത ഹോട്ടൽ, മുളയുടെ ആകർഷകത്വം പറഞ്ഞറിയിക്കുന്ന ശൈലിയിൽ നിർമിച്ചിരിക്കുന്ന ഹോട്ടൽ. സൈഡിൽ വീട്ടിലെ ഊണ് എന്ന ബോർഡും തൂക്കിയിരിക്കുന്നു . മറിച്ചൊന്നും ചിന്തിച്ചില്ല നാടൻ ഊണിനു ഓർഡർ കൊടുത്തു തണുപ്പിന്റെ ലഹരിയെ ചൂടുപിടിപ്പിക്കാനായി ആവി പറക്കുന്ന ചോറും കൂട്ടാനും മുന്നിലെത്തി .ഹോട്ടൽ ചെറുതാണെങ്കിലും രുചിയേറിയ ആഹാരം എന്നതിൽ സംശയം ഇല്ല . സായാഹ്നം ഇരുളുന്നതിനു മുൻപ് തന്നെ മടക്കയാത്രക്കൊരുങ്ങി . കണ്ണിലും മനസിലും നിറഞ്ഞ കാഴ്ചകൾക്ക് ശോഭ കൂട്ടി എത്ര വർണിച്ചാലും വാക്കുകളിൽ ഒതുങ്ങാത്ത സൗന്ദര്യം തുളുമ്പുന്ന യാത്ര.

Post a Comment

0 Comments